ഒരാഴ്ചയായി വിടാതെ പിടികൂടിയിരുന്ന പനിയുടെ മയക്കത്തിൽ നിന്നുണർന്നപ്പോൾ,വെറുതെയൊന്ന് ,ജനാലവിരികൾ വലിച്ചുമാറ്റി പുറത്തേക്കുനോക്കി.
മേഘങ്ങൾ നിറഞ്ഞ ആകാശം. മഴ ചാറി ക്കൊണ്ടിരിക്കുന്നു.ഇവിടെ മഴയുടെ താളം അറിയാൻ കഴിയുന്നില്ല. മഴയെ കൈക്കുമ്പിളിലേൽക്കാൻ തേങ്ങോലകളോ മരങ്ങളോ ഇല്ല. മഴ അതിൻ്റെ സ്വാഭാവിക താളത്തിൽ എന്തിനോ വേണ്ടി പെയ്തിറങ്ങുന്നു. മഴയോട് ഞാൻ മൗനമായി പറഞ്ഞത് മഴ കേട്ടു. എന്റെ ദുഃഖം മനസ്സിലാക്കിയ മഴ കാറ്റിനെ കൂട്ടുപിടിച്ചെന്റെ ജനൽപ്പാളികളിൽ താളമിട്ടു പോയി. ഞാൻ മഴയോട് പിണങ്ങാൻ തുടങ്ങിയിരുന്നു. എന്തിനിന്നു നീ വന്നെന്റെ ദുഖങ്ങളുടെ ആഴം കൂട്ടി, എന്തിനെന്റെ നിരാശയുടെ വ്യാപ്തി കൂട്ടി, നഷ്ട ങ്ങളുടെ കണക്കെടുപ്പിച്ചു?
മഴ മൊഴിഞ്ഞു, ഞാനല്ല കുറ്റക്കാരൻ, നിന്റെ ഏകാന്തതയാണ്. ഞാൻ പണ്ടും ഇങ്ങിനെതന്നെ നിന്റെ അരികിൽ വന്നിരുന്നു. അന്ന് നീ എന്റെ വരവിനെ ആഘോഷിച്ചിരുന്നു.എന്നിലേക്കിറങ്ങി വന്നു നീ തുള്ളക്കളിച്ചിരുന്നു. എന്നെ നീ പ്രണയിച്ചിരുന്നു.
വീണ്ടും പതുങ്ങിവന്നു ജനാലക്കൽ നിന്ന് മഴ മൊഴിഞ്ഞു. സങ്കടപ്പെടേണ്ട, നമുക്കൊരു കളി കളിക്കാം. ഞാൻ വേതാളമാണ്, നീ വിക്രമാദിത്യനും. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ നിനക്കുള്ളതാണ്. ഉത്സാഹത്തോടെ ഞാൻ എഴുന്നേറ്റു. ഞാൻ ചോദിച്ചു, ശരിയുത്തരം തന്നാൽ? മഴ പറഞ്ഞു, പിന്നെ, ഞാൻ നിൻ്റെ ഏകാന്തതയിൽ നിന്നരികിൽ വരില്ല.നിന്റെ സന്തോഷത്തിൽ പങ്കുചേരാൻ മാത്രമേ ഞാൻ വരികയുള്ളു.ഞാൻ സമ്മതിച്ചു, മഴ ആദ്യത്തെ ചോദ്യം ചോദിച്ചു, മരണം എന്താണ്? ദൂരെ ആകാശത്ത് ഉരുണ്ടുകൂടിയ മേഘങ്ങളെ നോക്കിയപ്പോൾ ഒരുത്തരം തോന്നി. ഞാൻ പറഞ്ഞു, ജനനം തന്നെയാണ് മരണവും.ജനനത്തിനും മരണത്തിനുമിടയിൽ ജീവിതമെന്ന മോക്ഷമാർഗ്ഗവും, മരണത്തിനും ജനനത്തിനുമിടയിൽ ആത്മാവിന്റെ ഏകാന്ത യാത്രയും ഉണ്ടെന്നുമാത്രം.അർദ്ധസമ്മതത്തോടെ മഴ ചിണുങ്ങി നിന്നു. ശരി, അടുത്തചോദ്യത്തിന് എങ്ങിനെ ഉത്തരം തരുന്നു എന്നു നോക്കട്ടെ. മഴ ചോദിച്ചു, എന്താണ് ഭക്തി? ഞാൻ ഉടൻ ഉത്തരം പറഞ്ഞു, ഭയമില്ലാത്ത അവസ്ഥ ആണ് ഭക്തി. ഭയമില്ലാത്ത മനസ്സ് ഒരു വെളുത്ത ക്യാൻവാസ് ആണ്,അവിടെ സ്നേഹവും നന്മയും കൊണ്ട് മനോഹരമായ ചിത്രങ്ങൾ വരക്കുമ്പോൾ ഭക്തി പൂർണമാകുന്നു. ഇപ്രാവശ്യം മഴ കുഴങ്ങി, ഉത്തരത്തിന്റെ പൊരുൾ മനസ്സിലാവാതെ, അടുത്ത ചോദ്യത്തിലേക്കു കടന്നു. എന്താണ് പ്രണയം? ഞാൻ പെട്ടെന്ന് വാചാലയായി, പ്രണയമാണ് മനുഷ്യമനസ്സിന് ഉൾക്കൊള്ളാൻ പറ്റുന്ന ഏറ്റവും മനോഹരമായ അനുഭൂതി. നിബന്ധനകൾ ഇല്ലാത്ത സ്നേഹമാണ് പ്രണയം. അനന്തമായ ആകാശത്തിനോടുള്ള പ്രണയം,ഗഹനമായ സാഗരത്തിനോടുള്ള പ്രണയം, പൂക്കളോട്, സംഗീതത്തോട്, ആകാശത്ത് പറന്നു നടക്കുന്ന പക്ഷികളോട്,ശാന്തമായ ഇരുട്ടിനോട് …..മതി മതി, മഴ പറഞ്ഞു, ഉത്തരം തുടരൂ. ജീവിതമെന്ന മായയിൽ നിന്നുള്ള മോക്ഷമാർഗ്ഗമാണു പ്രണയം. മനസ്സിൽ പ്രണയം നിറഞ്ഞാൽ അവിടെ നിരാശയില്ല, ഭയമില്ല, നഷ്ടബോധം ഇല്ല. മഴ പെട്ടെന്ന് ജനാലയ്ക്കരികിൽ വന്നു ചോദിച്ചു, അപ്പോൾ നിൻ്റെ മനസ്സിൽ പ്രണയമില്ലേ, മേല്പറഞ്ഞതിനോടെല്ലാം നിനക്ക് പ്രണയമില്ലേ? എന്നോട് നിനക്ക് പ്രണയമല്ലേ? എന്റെ മുഖംമൂടി അഴിഞ്ഞു വീണു, ഞാൻ ലജിച്ചു തല താഴ്ത്തി. മഴ പൊട്ടിച്ചിരിച്ചു പറഞ്ഞു ‘എന്നാൽ ഞാനിപ്പോൾ പോകട്ടെ, നാളെയും ഞാൻ വരും, വേതളമായി!
കവിത കൃഷ്ണചന്ദ്രൻ