My Blue Sky

Short tales on the journey of life

എന്തിനധികം പറയുന്നു!

Posted by:

|

On:

|

ബഹളം വെക്കുന്ന കിളികളുടെ ശബ്ദം കേട്ടുണര്‍ന്ന്‌ ജനാലയിലൂടെ നോക്കി. മഴ ചാറുന്നുണ്ട്‌. നല്ലൊരു മഴ
പെയ്തു തീര്‍ന്നൊരു ലക്ഷണവുമുണ്ട്‌. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു പുറത്തിറങ്ങി. നീണ്ടുകിടക്കുന്ന
പച്ചപ്പാടങ്ങള്‍ മഴയില്‍ കുളികഴിഞ്ഞു തിളങ്ങി നില്‍ക്കുന്നു. നടന്നത്ര ദുരം ബാക്കിയില്ല
ജീവിതത്തിലിനിയെങ്ങിലും ക്ഷീണിച്ചിരിക്കുന്നു. ഇനി മുന്നോട്ടു നടക്കാന്‍ വയ്യെന്നൊരു തോന്നല്‍
തുടങ്ങിയിട്ടുണ്ട്‌. ഈ അവധിക്കാലം കഴിഞ്ഞൊരു യാത്രയുടെ ഭയം വല്ലാതെ അലട്ടുന്നു. എവിടെയോ തുടങ്ങി
എവിടെയോ എത്തി നില്‍ക്കുന്ന ജീവിതമെന്ന കഥ. ഇത്ര കാലം ഓട്ടത്തിനിടയില്‍ പഴയതൊന്നും
ഓര്‍ത്തെടുക്കാന്‍ സമയമോ സൌഈകര്യമോ ഇല്ലായിരുന്നു. ഇന്നിപ്പോള്‍ ആഗ്രഹിക്കുമ്പോള്‍ ഓര്‍മകളെല്ലാം
മങ്ങിത്തുടങ്ങിയിരിക്കുന്നു. അയാള്‍ പഴയൊരു കാലന്‍ കുടയും പ്ലാസ്സിക്‌ ചെരുപ്പുമിട്ട്‌ പാടവരമ്പിലേക്കിറങ്ങി.
ഈറന്‍ കാറ്റടിച്ചപ്പോള്‍ മനസ്റ്റൊന്നുണര്‍ന്നു.എത്ര വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌, ഈ പാടവരമ്പിലോടെ
ഓടിനടന്നിരുന്നത്‌ !കുസൃതി നിറഞ്ഞ കുട്ടിക്കാലം. ഓര്‍മ്മകള്‍ മനസ്സില്‍ മഴവില്ലായി നിറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌…മഴക്കാലമായിരുന്നു.…

അമ്മയുടെ നിര്‍ത്താതെയുള്ള വിളികേട്ടുണര്‍ന്നു. ഓ ഇന്ന്‌ സ്‌കുളുണ്ട്‌, എന്തൊക്കെ ഹോംവര്‍ക്‌ ഉണ്ടോ
ആവോ. കിടക്കയില്‍ നിന്നെണീറ്റ്‌ മെല്ലെ പതുങ്ങി അടുക്കള ജനാലയിലൂടെ നോക്കി. ‘അമ്മ എന്തോ ധൃതിയില്‍
ഉണ്ടാക്കുന്നു. പാത്രത്തിലെ വസ്തു ഇളക്കിക്കൊണ്ടിരിക്കുന്നുണ്ട്‌. ഇടയില്‍ പലതും ചേര്‍ക്കുന്നു. അടുപ്പിലെ തീ
നേരെയാക്കുന്നുമുണ്ട്‌. അമ്മയുടെ ശ്രദ്ധ അതില്‍ത്തന്നെയാണെന്നു ഉറപ്പു വരുത്തി മെല്ലെ പുറകിലെ
വാതിലിലൂടെയിറങ്ങി പാടവരമ്പിലേക്കോടി. മഴ പെയ്തു കുതിര്‍ന്ന പാടത്തിലെ ചളിയിലൂടെയോടാനെന്തു രസം!
പാടത്തു കെട്ടിക്കിടക്കുന്ന വെള്ളത്തിലോടുന്ന ചെറു മീനുകളെയും താവളക്കുഞ്ഞുങ്ങളെയും
കല്ലെടുത്തെറിഞ്ഞു ദേഷ്യം പിടിപ്പിച്ചു. പാടവരമ്പിലെ മഷിത്തണ്ടുകളും പളുങ്കുമണികള്‍ തങ്ങിനില്‍ക്കുന്ന
പുല്‍നാമ്പുകളും പറിച്ചെടുത്തു പോക്കെറ്റില്‍ നിറച്ചു. വെള്ളക്കെട്ടുകളില്‍ ചാടി ശബ്ദമുണ്ടാക്കി. ദുരെനിന്നും
അമ്മയുടെ വിളി കേട്ടപ്പോള്‍ കളി മതിയാക്കി തിരിച്ചോടി. സ്കൂളില്‍ പോകാന്‍ വെയ്കിയിരിക്കുന്നു.
കാക്കക്കുളിപോലും തോല്‍ക്കുന്നൊരു കുളിയും തീര്‍ത്തു പെട്ടെന്നൊരുങ്ങി. അമ്മ നിരത്തിയ ഭക്ഷണം
കഴിച്ചെന്നു വരുത്തി സ്‌കൂളിലേക്കോടി. ഫസ്റ്റ്‌ ബെല്‍ അടിച്ചു കഴിഞ്ഞിരുന്നു സ്കൂളിലെത്തിയപ്പോളെക്കും.
എല്ലാവരും ഗൌരവത്തിലിരുന്നെന്തോ വായിക്കുന്നുണ്ട്‌. കൂട്ടുകാരനോട്‌ ചോദിച്ചപ്പോള്‍ മനസ്സിലായി, പരീക്ഷ
ഉണ്ടെന്ന കാര്യം തീരെ മറന്നു പോയിരുന്നു. ഇനിയൊരു രക്ഷയുമില്ല. തോറ്റുകൊടുക്കാന്‍

തീരുമാനിച്ചിട്ടുമില്ല .വരുന്നിടത്തു വെച്ച്‌ കാണാം. ടീച്ചര്‍ വന്ന ഉടന്‍ എല്ലാവരും പരീക്ഷക്ക്‌ റെഡി ആയി.
ചോദ്യവും വന്നു, സള്‍ഫ്യുറിക്കാസിഡ്‌ ഉണ്ടാക്കുന്ന വിധം വിവരിക്കുക! ഈ സള്‍ഫ്യുറിക്കാസിഡ്‌ എന്ന
വാക്കുപോലും കേട്ട ഓര്‍മയില്ല! ഇന്നലെ ക്ലാസ്സില്‍ പറഞ്ഞിട്ടുണ്ടാവും അപ്പോള്‍ പാടത്തെ വെള്ളത്തില്‍ ഒഴുക്കന്‍
കടലാസു തോണികളുണ്ടാക്കുകയായിരുന്നു ടീച്ചര്‍ കാണാതെ.പെട്ടെന്ന്‌ അമ്മയെ ഓര്‍മിച്ചു, രാവിലെ
അമ്മയെന്തോ ഉണ്ടാക്കുന്നത്‌ കണ്ടിരുന്നു. പേനയും പേപ്പറും എടുത്തു എഴുതാന്‍ തുടങ്ങി. “ആദ്യം അടുപ്പില്‍
തീകത്തിക്കുക, നല്ലപോലെ തീ കത്തിയാല്‍ ഒരു വൃത്തിയുള്ള പാത്രത്തില്‍ പകുതി വെള്ളമെടുത്തു അടുപ്പത്തു
വെക്കുക. വെള്ളം ചൂടായാല്‍ ചേരുവകകള്‍ ഓരോന്നോരോന്നായി ചേര്‍ക്കുക. നിര്‍ത്താതെ
ഇളക്കിക്കൊണ്ടിരിക്കണം. ആവശ്യമെങ്കില്‍ പിന്നെയും വെള്ളമൊഴിക്കണം. പാകമായെന്നു തോന്നിയാല്‍ പാത്രം
മെല്ലെ അടുപ്പില്‍ നിന്നും ഇറക്കി വെക്കണം. എന്തിനധികം പറയുന്നു സള്‍ഫ്യുറിക്കാസിഡ്‌ റെഡി.” എന്റെ
പേപ്പര്‍ നോക്കിയ ടീച്ചറുടെ മുഖത്ത്‌ വിരിഞ്ഞ ഭാവങ്ങള്‍ എന്തായിരുന്നെന്നു ഇന്നും അറിയില്ല. എന്തിനധികം

പറയുന്നു, അന്ന്‌ മുഴുവന്‍ ക്ലാസിനു പുറത്തു നില്‍ക്കേണ്ടി വന്നു.

ആലോചിച്ചപ്പോള്‍ മനസ്സിനു വല്ലാത്തൊരു ലാഘവം. ആ “എന്തിനധികം പറയുന്നു” കാലം എനിക്കായി
കരുതിയ സമ്മാനമാണെന്നു ഇന്നിപ്പോള്‍ മനസ്സിലാവുന്നു. ഓര്‍മകളിലൂടെ നടന്നു നടന്നു
ബാല്യത്തിലെത്തിയപ്പോളേക്കും പാടത്തിന്റെ മറ്റൊരു അറ്റത്തെത്തിയിരുന്നു. ഇനി തിരിച്ചു നടക്കാന്‍
തുടങ്ങണം .പിറകിലേക്കോടാത്ത കാലത്തിന്റെ വണ്ടിയില്‍ മനസ്സ്റീ പാടവരമ്പത്ത്‌ ഉപേക്ഷിച്ചു വീണ്ടും കയറാതെ
വഴിയില്ല.

Kavitha Krishnachandran

Posted by

in