My Blue Sky

Short tales on the journey of life

തൂക്കുപാത്രം

Posted by:

|

On:

|

ഒരൊഴിവുകാലത്തു, രാവിലെ ഒരു കപ്പു കാപ്പിയും അന്നത്തെ പത്രവും എടുത്തു ഉമ്മറത്തിണ്ണയിലിരുന്നു.കുട്ടികൾ പുതിയ കാഴ്ചകൾ കണ്ടു മുറ്റത്തു ഓടിനടക്കുന്നു.എല്ലാം കൗതുകമാണവർക്കു.രണ്ടു കൊല്ലത്തിനു ശേഷം നാട്ടിൽ വന്നതാണ്.രാവിലെ പെയ്ത ചാറ്റിൽ മഴയിൽ പൂക്കളിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളികൾ വീഴാതെ പൂക്കൾ പറിച്ചെടുക്കാൻ നോക്കുകയാണവർ.കൈകളിൽ പൂക്കൾ നിറഞ്ഞപ്പോൾ അവർ ചുറ്റും നോക്കി.കൃത്യസമയത്തു അമ്മ ഗേറ്റുകടന്നു വന്നു.കയ്യിലൊരു ചെറിയ തൂക്കുപാത്രമുണ്ട്.അമ്പലത്തിൽ നിന്നുള്ള വരവാണ്. കുട്ടികൾ ഉത്സാഹത്തോടെ അമ്മയുടെ അടുത്തേക്കോടി.അവർക്കാ തൂക്കുപാത്രം   വേണം,പൂക്കളിടാൻ.അമ്മ തൂക്കുപാത്രത്തിൽ നിന്നും പിടിവിടാതെ കുട്ടികളോട് പറഞ്ഞു,’വാ മക്കളെ,അമ്മമ്മ വേറെ പാത്രം തരാം’.കുസൃതിയായ മകളുടെ കണ്ണുകൾ ഇതുവരെ കണ്ടിട്ടില്ലാത്ത തൂക്കുപാത്രത്തിലായിരുന്നു.അമ്മ സൂത്രത്തിൽ അവരുടെ ശ്രദ്ധ തിരിച്ചു അടുക്കളയിലേക്കു കുതിച്ചു.അമ്മയുടെ പിന്നാലെ ഓടുന്ന കുട്ടികളെ തടഞ്ഞു നിർത്തി ആ പണി ഞാൻ ഏറ്റെടുത്തു.ദൃതിയിൽ അമ്പലത്തിലെ പ്രസാദം മാറ്റി തൂക്കുപാത്രം കഴുകിത്തുടയ്ക്കുന്ന അമ്മയെ നോക്കി.മുകളിലെ തട്ടിൽ അമ്മ  ഭദ്രമായി വയ്ക്കുന്ന തൂക്കു പാത്രം  ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു.കാലത്തിന്റെ പ്രഹരണത്താൽ യൗവനം നഷ്ടപ്പെട്ട്‌ വാർദ്ധക്യത്തിലെത്തിയിരിക്കുന്നു തൂക്കുപാത്രം.ജരാനരകൾ ബാധിച് രൂപഭേദങ്ങൾക്കടിമപ്പെട്ട് തൂക്കുപാത്രം ക്ഷീണിച്ചിരിക്കുന്നു.എടുത്തുകൊടുത്ത പുതിയൊരു ചില്ലുപാത്രം ഇഷ്ടപ്പെടാതെ വാശിപിടിക്കുന്ന മകളെ ഉണ്ണിയപ്പം കൊടുത്തു അമ്മ പാട്ടിലാക്കി.ഇതെല്ലം നോക്കി നിന്നു അത്ഭുതത്തോടെ ഞാൻ അമ്മയോട് ചോദിച്ചു,’അമ്മെ ആ പഴയ പഴയ കേടുവന്ന തൂക്കുപാത്രം കൊടുക്കാമായിരുന്നില്യേ?ഈ പുതിയ പാത്രം  അവർ മണ്ണിലൊക്കെ ഇട്ടു കേടുവരുത്തും’.പൊതുവെയുള്ള അമ്മയുടെ ശാന്തഭാവത്തിനു ഒന്നുകൂടി കാഠിന്യം കൂടി.ഇല്യ കുട്ടി,ഒരു പുതിയ പാത്രത്തിന്റെയും  കൂടെ ഇതിന്റെ മൂല്യമളക്കാൻ പറ്റില്യ.മുമ്പ് കേട്ടവയാണെങ്കിലും ശ്രദ്ധിക്കാതെ വിട്ടതുകൊണ്ടാവാം വീണ്ടും കേട്ടു അമ്മയുടെ വിവരണം.’എന്റെ മുത്തശ്ശി എന്നും രാവിലെ അമ്പലത്തിൽ കൊണ്ടുപോയിരുന്നു പാത്രമാണിത്‌.അന്ന് നിന്റെ മക്കളുടെ പോലെ ഞാനും ഈ തൂക്കുപാത്രത്തിനുവേണ്ടി  വേണ്ടി മുത്തശ്ശിയുടെ പിന്നാലെ നടക്കുമായിരുന്നു, മുത്തശ്ശിയുടെ കൂടെയുണ്ടായിരുന്ന ഈ തൂക്കുപാത്രത്തിനോടൊരു  അടുപ്പം തോന്നിയിരുന്നു.’അമ്മ പറഞ്ഞു നിർത്തിയെങ്കിലും പറയാത്തത് ഞാൻ കുറെ വായിച്ചെടുത്തു.കാലം തോൽപ്പിച്ചിട്ടും തോറ്റുകൊടുക്കാതെ അമ്മ ഈ തൂക്കുപാത്രത്തിന്റെ സംരക്ഷണ ദൗത്യം ഏറ്റെടുത്തിരിക്കുന്നു.ദൈവനിയോഗങ്ങളിൽ ഈ തൂക്കുപാത്രത്തിനും  വ്യക്തമായ പാത കല്പിക്കപ്പെട്ടിരുന്നു.ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെ എത്തിപ്പെട്ടിരിക്കുന്നു ദൈവത്തിന്റെ ഈ പ്രിയപ്പെട്ട തൂക്കുപാത്രം.ഒരാത്മാവുണ്ടെങ്കിൽ ഈ തൂക്കുപാത്രം  എന്നും അമ്പലത്തിൽപോയി അമ്മക്ക് വേണ്ടി പ്രാര്ഥിച്ചിരിക്കും.ഈശ്വരനും മനുഷ്യനുമിടയിൽ ഭാഗമാവേണ്ടി വന്ന തൂക്കുപാത്രം  മന്ദഹസിക്കുന്നതുപോലെ തോന്നി.എന്റെ കണ്ണുകൾ  നിറഞ്ഞൊഴുകിയതു എന്തുകൊണ്ടെന്നറിയില്യ,ഞാൻ മെല്ലെ ഉമ്മറത്തേക്ക് നടന്നു.

Posted by

in