തുടർച്ചയായി അലട്ടിക്കൊണ്ടിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് അമ്മയ്ക്ക് ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു, സാരല്യ…. നിത്യദു:ഖം എന്നൊരു വിധിയുണ്ട് അമ്മക്ക് ജാതകത്തിൽ ,ദേഹത്തിനും മന:സ്സിനും ആയി എന്നും ദു:ഖമെന്നർത്ഥം. വിധിയല്ലേ ….? ആർക്കും നിഷേധിക്കാനോ മറികടക്കാനൊ പറ്റില്ലല്ലോ. പറയുമ്പോൾ ശബ്ദമിടറുകയോ കണ്ണു നിറയുകയോ ചെയ്തിരുന്നില്ല. വിധിയോടുള്ള സമർപ്പണമായിരുന്നു കണ്ണുകളിൽ . അതുകൊണ്ട് തന്നെ ജീവിതം കരഞ്ഞു തീർക്കില്ലെന്ന് നിർബന്ധമുണ്ടായിരുന്നു.
അനന്തമായ മരുഭൂമിയിൽ അലഞ്ഞ് കയ്യ്നിറയേ പൂക്കളുമായി വന്ന് എന്നും മന:സ്സിൽ ഓണപ്പൂക്കളങ്ങളൊരുക്കി. മനസ്സിൽ വിരിയിക്കുന്ന പൂക്കളങ്ങൾ ഓണക്കാലത്തു മുറ്റത്തും കാണാമായിരുന്നു. എന്നും ഓർമയിൽ നിറയുന്ന അമ്മയുടെ പൂക്കളങ്ങൾ.അമ്മയുടെ ഉത്സാഹം ഞങ്ങൾ കുട്ടികളിലും നിറയും.ഞങ്ങൾ കുന്നിൻ മുകളിലും തൊടിയിലും തിരഞ്ഞു തുമ്പപ്പൂക്കളും നീലപ്പൂക്കളും പറിച്ചുകൊണ്ട് വരും.അമ്മക്ക് കൃത്യമായറിയാം പരന്നു കിടക്കുന്ന തൊടിയിൽ എവിടെയാണ് മുക്കുറ്റി പൂക്കൾ എവിടെയാണ് ,കൃഷ്ണകാന്തിചെറുവയലറ്റ് പൂക്കൾ,ഓണപ്പൂക്കൾ,ശംഗ്ഖുപുഷ്പം എന്നെല്ലാം.തലേദിവസം ഞങ്ങൾ പറിച്ച് കൊണ്ട് കൊടുക്കുന്ന പൂക്കളും മൊട്ടുകളും ശ്രദ്ധയോടെ വാഴയിലയിൽ വച്ച് വെള്ളം തളിച്ച് തണുപ്പുള്ള നടുമുറ്റത്തിന് സമീപം നിരത്തി വയ്ക്കും. അമ്മ അതിരാവിലെ വിളിച്ചുണർത്തും പൂക്കളമൊരുക്കാൻ . ഏതൊക്കെ പൂക്കൾ എവിടെയൊക്കെ ക്രമീകരിക്കണം എന്ന് പറഞു തരാൻ സമയം കണ്ടെത്തി,അടുക്കളയിലെ മേൽനോട്ടത്തിനായി പോകുമെങ്കിലും ഇടക്കിടക്ക് വന്ന് നിർദേശങ്ങൾ തരും. നിറങ്ങളൊഴിഞ മന:സ്സുമായി തീർത്താലും തീർത്താലും തീരാത്തത്ര വലിയ പൂക്കളമൊരുക്കും മുറ്റത്ത് . ഇനിയൊരിക്കലും അത്ര ഭംഗിയുള്ള അത്ത പൂക്കളങ്ങൾ ഈ മുറ്റത്ത് വിരിയില്ലെന്നറിയാതെ മൂക്കുറ്റിയും കൃഷ്ണകാന്തിയും തുമ്പപ്പൂവും അവരവരുടെ ഊഴത്തിനായി വിരിഞ്ഞു കാത്തു നിൽക്കുന്നു. ശൂന്യമായ അത്ത പൂക്കളങ്ങളുടെ പൊരുളറിയാതെ.കാലത്തിന്റെ കൃത്യമായ കണക്കുകൾക്കിടയിൽപ്പെട്ട് മറ്റൊരു ഓണക്കാലം . കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് എതോ ദൂരയൊരു തീരത്തണഞ്ഞു ഞാനും . ഓണമെന്തറിയാത്ത ലോകത്തിന്റെ മറ്റൊരു കോണിൽ . ഇവിടെ ,പൂക്കൾക്കും നിലാവിനും ഓണം അപരിചിതമാണ്. അമ്മ കർമ്മ ബന്ധങ്ങളും ബന്ധനങ്ങളും ഉപേക്ഷിച്ച് യാത്രയായിരിക്കുന്നു. ഇന്നിവിടെ ഈ തണുത്ത മുറിയിൽ തണുത്ത നിലത്ത് ജീവനില്ലാത്ത ഒരു പിടി തണുത്തു വിറങ്ങലിച്ച പൂക്കൾ കൊണ്ട് ഞാനൊരു പൂക്കളമൊരുക്കുന്നു. ദൂരെ എവിടേയൊ ഇരുന്ന് അമ്മ പറയുന്നഉണ്ടാവും … മതി കുട്ടി …. ഇത്രയൊക്കെ മതി …. മന:സ്സിൽ പൂക്കളമിടാൻ എന്നും സാധിക്കട്ടെ .നിറങ്ങളും ജീവനും തുടിക്കുന്ന ,സ്നേഹവും സന്തോഷവും നിറഞ്ഞ മനോഹരങ്ങളായ പൂക്കളങ്ങൾ.അതാണ് യഥാർത്ഥ പൂക്കളങ്ങൾ. സംശയമില്ല അമ്മ മുറ്റത്തിട്ടിരുന്ന പൂക്കളങ്ങൾ ജീവനും തുടിപ്പുമായി മന:സ്സിൽ നിറയുന്നു. ….എന്നും.
കവിത കൃഷ്ണചന്ദ്രൻ